05:26pm 16 September 2026
NEWS
കേരള നിയമസഭ
ജനപ്രതിനിധിസഭകള്‍ക്ക് മാതൃക

16/09/2026  03:52 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേരള നിയമസഭ  ജനപ്രതിനിധിസഭകള്‍ക്ക് മാതൃക
 
കേരള നിയമസഭ ലോകമെങ്ങുമുളള നിയമ നിര്‍മ്മാണ സഭകള്‍ക്ക് മാതൃകയാണെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചു. ദക്ഷിണാഫ്രിക്കയിലെ കേപ്പ്ടൗണില്‍ നടക്കുന്ന അറുപത്തിയൊന്‍പതാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ നിര്‍മ്മാണത്തിലും പാര്‍ലമെന്ററി നടപടി ക്രമങ്ങളിലും ജനാധിപത്യ ക്രമങ്ങളിലും നവീനമായ ഒട്ടേറെ സംവിധാനങ്ങള്‍ ആദ്യമായി നടപ്പിലാക്കിയത് കേരള നിയമസഭയിലാണ്. ഭരണപരവും നിയമപരവുമായ വിശദമായ പരിശോധന ഉറപ്പുവരുത്തുന്ന സബ്ജക്റ്റ് കമ്മിറ്റി സംവിധാനം ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കിയത് കേരള നിയമസഭയിലാണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ട സഭയായി കേരള നിയമസഭ മാറുകയാണ്. ജനങ്ങളും നിയമനിര്‍മ്മാണ സഭകളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുവേണ്ടിയുള്ള നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.
 
 
 
പൊതുജനങ്ങള്‍ക്ക് നിയമസഭയില്‍ നേരിട്ട് ചോദ്യം ഉന്നയിക്കാന്‍ കഴിയുന്ന സംവിധാനം നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
  ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നിയമ നിര്‍മ്മാണങ്ങളില്‍ കേരളം  മുന്‍പന്തിയിലാണെന്ന്  സ്പീക്കര്‍  പ്രസ്താവിച്ചു.   പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിലേറെ ഭിന്നശേഷിക്കാരുടെ ശാക്തീകരണവും, സമത്വവും, അന്തസ്സും ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള അവകാശ അധിഷ്ഠിതമായ സമീപനമാണ് കേരളം സ്വീകരിച്ചിട്ടുള്ളത്. ഇത് ഉറപ്പുവരുത്തുന്നതിനായി ‘2016-ലെ ഭിന്നശേഷിക്കാരുടെ അവകാശനിയമത്തിന്റെ' ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തി സമഗ്രമായ നിയമസംവിധാനങ്ങള്‍ കേരളം ഉറപ്പുവരുത്തിയിട്ടുണ്ട്.
ഈ നിയമത്തെ അടിസ്ഥാനപ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് വിദ്യാഭ്യാസവും, ആരോഗ്യ സുരക്ഷയും, തൊഴിലും, സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുന്ന നയം കേരളം ഒൗദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.
 
 
ജനാധിപത്യ സ്ഥാപനങ്ങളെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, പ്രാതിനിധ്യ സ്വഭാവമുള്ള, സംവേദനക്ഷമതയുള്ള സംവിധാനങ്ങളാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img